കണ്ണൂർ:
കൊട്ടിയൂർ പഞ്ചായത്തിൽ ഹെഡ് ക്ലാർക്ക് തസ്തിക ഒരു വർഷമായിട്ടും അക്കൗണ്ടൻ്റിൻ്റെ തസ്തിക ആറ് മാസമായിട്ടും സെക്രട്ടറിയുടെ തസ്തിക ഒരാഴ്ചയായിട്ടും ഒഴിഞ്ഞുകിടന്നിട്ടും പകരം നിയമനം നടത്താൻ തയാറാകാത്ത സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡൻ്റും വൈസ് പ്രസിഡൻറും ഭരണ സമിതിയംഗങ്ങളും ചേർന്ന് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസ് ഉപരോധിച്ചു. നിയമനം ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് ഓഫീസിലെത്തിയ പഞ്ചായത്ത് ഭരണ നേതൃത്വത്തിന് ഒരു ഉറപ്പ് നൽകാൻ ഉന്നത ഉദ്യോഗസ്ഥർക്ക് സാധിക്കില്ല എന്ന നിലപാട് അറിയിച്ചതിനെ തുടർന്നാണ് സമരം നടത്തിയത്. 14 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസിന് 7 ഉം സിപിഎം ന് 6 ഉം സിപിഐക്ക് 1 ഉം അംഗങ്ങളാണ് ഉള്ളത്. ഇരുമുന്നണികൾക്കും 7 വീതം അംഗങ്ങൾ ഉണ്ടെങ്കിലും ഇരുവിഭാഗവും ഒന്നിച്ചാണ് സമരത്തിനെത്തിയത്. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പൂടാകം, വൈസ് പ്രസിഡൻ്റ് ഫിലോമിന ജോർജ്, സ്‌ഥിരം സമിതി അധ്യക്ഷൻമാരായ ഷാജി പൊട്ടയിൽ ജീജ പാനികുളങ്ങര, അംഗങ്ങളായ ബാബു മാങ്കോട്ടിൽ, പി.സി.തോമസ് പൊട്ടനാനിയിൽ, ലൈസ് തടത്തിൽ, ജെസി ഉറുമ്പിൽ എന്നിവരാണ് കണ്ണൂരിലെത്തി ഡപ്യൂട്ടി ഡയറക്‌ടറെ ഉപരോധിച്ചത്. പഞ്ചായത്തിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ പോലും താറുമാറായിരിക്കുകയാണ്. അസി.സെക്രട്ടറിക്ക് അമിത ജോലിഭാരം വന്ന സാഹചര്യത്തിലും നിയമനം വേഗം നടത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു. എങ്കിലും തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന് പ്രതികരണം ഒന്നും ഉണ്ടായില്ല. സമരം തുടങ്ങിയ ശേഷം പ്രിൻസിപ്പൽ സെക്രട്ടറിക്കും അഡിഷനൽ സെക്രട്ടറിക്കും കത്ത് നൽകി പിന്നീട് ജോയിന്റ് ഡയറക്ടർ നടത്തിയ ചർച്ചയെ തുടർന്ന് സമരം അവസാനിപ്പിച്ചു നാല് ദിവസത്തിനകം പുതിയ നിയമന ലിസ്‌റ്റ് പുറത്തിറങ്ങും എന്നും അതിൽ ഏതാനും തസ്‌തികകൾ അനുവദിക്കാമെന്നും ആണ് ഉറപ്പ് നൽകിയത് അക്കൗണ്ടന്ററ് ഇല്ലാത്തതിനാൽ പദ്ധതിയുടെ ബില്ലുകൾ മാറാൻ കഴിയുന്നില്ല. സെക്രട്ടറി ഇല്ലാത്തതിനാൽ ഭരണ നിർവഹണവും തടസ്സപ്പെടുകയാണ്. അസി. സെക്രട്ടറിക്ക് തൊഴിലുറപ്പ് അടക്കമുള്ള വിഭാഗങ്ങൾ കൈകാര്യം ചെയ്യേണ്ടതിനാൽ അമിത ജോലി ഭാരമാണ് വന്നിട്ടുള്ളത്.കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫിസർ തസ്തികയും ആറ് മാസത്തിൽ അധികമായി ഒഴിഞ്ഞു കിടക്കുകയാണ്. ആഴ്ചയിൽ മൂന്ന് ദിവസം മാത്രമാണ് വർക്ക് അറേഞ്ച്മെന്റ് അടിസ്‌ഥാനത്തിൽ ഒരു മെഡിക്കൽ ഓഫിസർ ഉള്ളത്. സ്‌ഥിരം മെഡിക്കൽ ഓഫിസർ ഇല്ലാത്തതിനാൽ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ഭരണ നിർവഹണവും പ്രതിസന്ധിയിലാണ്. കസ്തൂരി രംഗൻ റിപ്പോർട്ടിൻ്റെ കരട് വിജ്ഞാപനത്തിൻ്റെ ഭാഗമായി പരിസ്ഥിതി ലോല മേഖല സംബന്ധിച്ച വിവാദങ്ങളും പദ്ധതി നിർവ്വഹണ പ്രക്രിയകൾ മുടങ്ങുകയും ചെയ്യുന്ന അവസ്ഥയിലാണ് കഴിവുകെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ കൊട്ടിയൂരിൽ നിയമനം നടത്താതെ കഷ്ടപ്പെടുത്തുന്നത്. ഇടത് പക്ഷ സംഘടനകൾ തദ്ദേശ സ്വയംഭരണ വകുപ്പിനെ വിഴുങ്ങിയതിനാൽ ഒരു സ്ഥലം മാറ്റം നിശ്ചയിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.
Local Self-Government Department Unable to Appoint Even Head Clerk or Accountant: Kotiyur Panchayat President and Governing Body Members on Strike.